This report was published in Mathrubhumi daily on 16.05.2024
അതിദരിദ്ര കുടുംബങ്ങളായി സംസ്ഥാന സർക്കാർ കണ്ടെത്തിയിട്ടുള്ള കുടുംബങ്ങളിൽ നാലിലൊന്നിലും മാനസിക രോഗമുള്ള ഒരംഗമുണ്ടെന്ന് പഠനം. അവരുടെ ആരോഗ്യ സംരക്ഷണത്തിന്റെ അപര്യാപ്തത ഈ കുടുംബങ്ങൾ നേരിടുന്ന പ്രധാന പ്രശ്നമാണെന്നും സെൻ്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയൺമെൻ്റൽ സ്‌റ്റഡീസ് നടത്തിയ പഠനം പറയുന്നു. പനമരം, ആലപ്പാട്, അശമന്നൂർ എന്നീ പഞ്ചായത്തുകളിലാണ് പഠനം നടത്തിയത്.
വീട്ടിൽ മാനസിക രോഗമുള്ളവർ ഉണ്ടാകുമ്പോൾ, മറ്റ് അംഗങ്ങളുടെ പരിചരണ ചുമതലകൾ വർധിക്കും. ഇതുകാരണം ഒട്ടേറെ സ്ത്രീകൾ ജോലി ഉപേക്ഷിക്കുന്നു. പരിചരിക്കുന്നവരുടെ മരണം ഈ വിഭാഗത്തിലുള്ള ജനങ്ങളെ ഒറ്റയ്ക്കാവുന്ന അവസ്ഥയിലാക്കുന്നുവെന്നും പഠനത്തിൽ കണ്ടെത്തി.
ഗവേഷകരായ അതുൽ എസ്.ജി., ഡോ. എൻ. അജിത് കുമാർ, ഡോ. പാർവതി സുനൈന, നാഗരാജൻ ആർ ദുരൈ, ബിബിൻ തമ്പി എന്നിവരാണ് പഠനം നടത്തിയത്.
അതിദാരിദ്ര്യ നിർമാർജനത്തിനായി നിലവിലുള്ള പദ്ധതികളിൽ മാനസിക രോഗികളുടെ പ്രശ്നപരിഹാരത്തിനായി വളരെ പരിമിതമായ വ്യവസ്ഥകളാണുള്ളത്. കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുഖേന നടപ്പാക്കുന്ന ഡിപ്രഷൻ സ്ക്രീനിങ് ആൻഡ് മാനേജ്മെന്റ് പ്രോഗ്രാമായ ‘ആശ്വാസം’, ജില്ലാ മാനസികാരോഗ്യ പരിപാടി എന്നിവയുമായി മാനസികാരോഗ്യ പ്രശ്നങ്ങൾ സംശയിക്കുന്ന കേസുകളെ ആശാവർക്കർക്ക് ബന്ധിപ്പിക്കാനാകും.
മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബ്ലോക്ക് തലത്തിലെങ്കിലും റിട്ടയേർഡ് മെഡിക്കൽ പ്രൊഫഷണലുകളുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും പഠനം പറയുന്നു.