This report was published in Kerala Kaumudi daily on 16.05.2024
സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിൽ നാലിലൊന്നിലും മാനസികരോഗമുള്ള ഒരാളെങ്കിലും ഉണ്ടെന്ന് പഠന റിപ്പോർട്ട്. ഇത്തരം കുടുംബങ്ങൾക്കായുള്ള ആരോഗ്യ സംരക്ഷണ പരിപാടികളിൽ മാനസികാരോഗ്യം ഉൾപ്പെടാത്തതിനാൽ ചികിത്സ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കൊച്ചിയിലെ സെൻ്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയൺമെന്റൽ സ്റ്റഡീസിലെ (സി.എസ്.ഇ.എസ്) ഗവേഷകരായ അതുൽ എസ്.ജി., ഡോ.എൻ അജിത്‌കുമാർ, ഡോ. പാർവതി സുനൈന, നാഗരാജൻ ആർ. ദുരൈ, ബിബിൻ തമ്പി എന്നിവരാണ് പഠനം നടത്തിയത്. ആദിവാസി മേഖലയായ വയനാട് പനമരം, മത്സ്യത്തൊഴിലാളി മേഖലയായ ആലപ്പുഴയിലെ ആലപ്പാട്,എറണാകുളത്തെ അശമന്നൂർ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചായിരുന്നു പഠനം. നീതി ആയോഗിന്റെ കണക്കിൽ പ്രധാന 0.71 ശതമാനമാണ് കേരളത്തിലെ അതിദരിദ്രർ. ഭക്ഷണം, വരുമാനം, ആരോഗ്യം, പാർപ്പിടം എന്നിവ ഇവർക്ക് ഉറപ്പാക്കും വരുമാനമില്ലാത്തവർ, ആരോഗ്യമില്ലാത്തവർ, രണ്ടുനേരം ഭക്ഷണം കഴിക്കാത്തവർ, റേഷനുണ്ടെങ്കിലും പാകം ചെയ്ത് കഴിക്കാനാകാത്തവർ തുടങ്ങിയവയാണ് അതിദാരിദ്ര്യത്തിന്റെ മാനദണ്ഡങ്ങൾ.
പ്രശ്നങ്ങൾ
. മാനസികരോഗമുള്ളവർ തൊഴിൽ ചെയ്യുന്നവരല്ല
. പലർക്കും ആവശ്യമായ കിടത്തി ചികിത്സ ലഭിക്കുന്നില്ല
. രോഗികളെ പരിചരിക്കാൻ സ്ത്രീകൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വരുന്നു
. പരിചരിക്കുന്നവർ പ്രായമുള്ള മാതാപിതാക്കളായാൽ സ്ഥിതി വഷളാകുന്നു
. പരിചരിക്കുന്നവരുടെ മരണം രോഗികളെ ഒറ്റപ്പെടുത്തുന്നു
. അയൽക്കാരുടെയും സുഹൃത്തുക്കളുടെയും പിന്തുണയില്ല
കൈക്കൊള്ളേണ്ട നടപടികൾ
. രോഗത്തെക്കുറിച്ചും പരിചരണത്തെക്കുറിച്ചും അവബോധം
. ചികിത്സയും സഹായവും ലഭ്യമാക്കാൻ സംവിധാനം
. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ‘ആശ്വാസ’ പദ്ധതിയുമായി ബന്ധിപ്പിക്കണം
. മരുന്നുകളുടെ വിതരണം, വിദഗ്ദ്ധ ചികിത്സയ്ക്ക് റഫർ ചെയ്യൽ
. ജില്ലാ മാനസികാരോഗ്യ പരിപാടിയുമായി ബന്ധിപ്പിക്കൽ
. ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് പരിചരണവും പിന്തുണയും ഉറപ്പാക്കണം