Press Release

ജനസൗഹൃദപരമായ ഭരണനിർവഹണസംവിധാനത്തിനായി

കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക് ആന്റ് എൻവയണ്മെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്.) എന്ന ഗവേഷണസ്ഥാപനം കൊച്ചിയുടെ ഭരണസംവിധാനം ജനകേന്ദ്രീകൃതവും, ജനസൗഹൃദവുമാക്കാനുള്ള നിർദേശങ്ങൾ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ മേയർക്ക് സമർപ്പിച്ചു. സി.എസ്.ഇ.എസ്. പല സമയങ്ങളിൽ നടത്തിയിട്ടുള്ള വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ എത്തിച്ചേർന്ന നിർദേശങ്ങളടങ്ങിയ രേഖ സി.എസ്.ഇ.എസ്. ഡയറക്ടർ ഡോ. എൻ. അജിത് കുമാറാണ് മേയർക്ക് കൈമാറിയത്.

കോർപ്പറേഷന്റെ സേവനങ്ങൾ സമയബന്ധിതമായി ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഒരു നയം (service delivery policy) രൂപീകരിക്കുക, സേവനപ്രദാനത്തിന്റെ ഗുണനിലവാരത്തിന് കൃത്യമായ മാനദണ്ഡങ്ങൾ നിർണയിച്ച് അവ പാലിക്കപ്പെടുന്നുണ്ടോയെന്ന് സമയാസമയങ്ങളിൽ അവലോകനം ചെയ്യുക, സേവനങ്ങൾ നൽകുന്നതിന്റെ കാര്യക്ഷമത അളക്കാൻ കൃത്യമായ സൂചകങ്ങൾ വികസിപ്പിക്കുക എന്നിവയാണ് നിർദേശങ്ങളിൽ പ്രധാനം.

പൗരാവകാശരേഖയ്ക്ക് (citizen charter) രൂപം നൽകുക, നൽകുന്ന സേവനങ്ങളുടെ ഗുണമേന്മയും, കാര്യക്ഷമതയും നിരീക്ഷിക്കാനും അവലോകനം ചെയ്യാനും ജനപ്രതിനിധികളുടെ ഒരു സമിതി രൂപീകരിക്കുക, സേവനങ്ങൾ ലഭ്യമാകുന്നതിൽ സമയക്രമം പാലിക്കപ്പെടുന്നില്ലെങ്കിൽ അപേക്ഷകർക്ക് സമീപിക്കാവുന്ന ഒരു അപ്പലേറ്റ് അതോറിറ്റിക്ക് രൂപം നൽകുക, നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട ഒരു വാർഷിക പെർഫോമൻസ് റിപ്പോർട്ട് പുറത്തിറക്കുക, എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുക, എല്ലാ തരത്തിലുള്ള ഇ-പേയ്മെന്റ് സംവിധാനങ്ങളും അനുവദിക്കുക എന്നിവയും നിർദേശങ്ങളിൽ ഉൾപ്പെടുന്നു.

കൊച്ചി കോർപ്പറേഷന്റെ വെബ്‌സൈറ്റ് അടിയന്തിരമായി നവീകരിക്കാനും, ഭിന്നശേഷി സൗഹൃദമാക്കാനും രേഖ നിർദേശിക്കുന്നുണ്ട്. സമർപ്പിച്ച അപേക്ഷകളുമായി ബന്ധപ്പെട്ട അപ്പ്ഡേറ്റുകൾ അപേക്ഷകർക്ക് മെസേജ് വഴി ലഭിക്കാനുള്ള സംവിധാനമുണ്ടാക്കുക, കൊച്ചി കോർപ്പറേഷന്റെ ഓഫീസ് കൃത്യമായ സൈൻബോർഡുകളും മറ്റും വെച്ചുകൊണ്ട് ജനസൗഹൃദമാക്കുക, ജനങ്ങൾ ഓഫീസിൽ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കൻ ടോക്കൺ സംവിധാനം അവതരിപ്പിക്കുക, ജീവനക്കാരുടെ ഇടപെടലുകളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പ്രിന്റഡ് ഫോം വഴി ജനങ്ങളിൽ നിന്ന് സ്വീകരിച്ച് കൗൺസിൽ മീറ്റിംഗിൽ അവലോകനം ചെയ്യുക, കൂടുതൽ സേവനങ്ങളെ കോർപ്പറേഷന്റെ സോണൽ ഓഫീസുകളിലേക്ക് വ്യാപിപ്പിക്കുക എന്നിവയും നിർദേശങ്ങളിൽ ഉൾപ്പെടുന്നു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വികസിപ്പിക്കുന്ന റോഡുകൾ “ഈ റോഡ് കൊച്ചി കോർപ്പറേഷന്റേതാണ്” എന്ന് അഭിമാനത്തോടെ കോർപ്പറേഷന് ഡിസ്‌പ്ലേ ബോർഡുകൾ വെക്കാൻ സാധിക്കുന്ന തരത്തിൽ ഗുണനിലവാരമുള്ളതാകണെമെന്ന് രേഖ പറയുന്നു. കോർപ്പറേഷന്റേതായ ഒരു റോഡ് വികസന നയം രൂപീകരിക്കണമെന്നും, റോഡുകളുടെ നിലവിലുള്ള അവസ്ഥയെക്കുറിച്ച് ഒരു സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കി റോഡ് വികസനത്തിനും പരിപാലനത്തിനും വാർഷികലക്ഷ്യങ്ങൾ നിശ്ചയിക്കണമെന്നും, പ്രധാനപ്പെട്ട റോഡ് പ്രവർത്തനങ്ങൾ അഞ്ച് വർഷത്തെ മെയിന്റനൻസ് കോൺട്രാക്ടിൽ നടത്തണമെന്നും, മറ്റ് റോഡുകളുടെ കുഴികളും മറ്റും അടയ്ക്കാൻ റോഡ് പരിപാലനഫണ്ട് രൂപീകരിക്കണമെന്നും, കോർപ്പറേഷന്റെ റോഡ് നിർമാണത്തിനും പരിപാലനത്തിനുമായി ഒരു വാർഷിക കലണ്ടർ മുൻകൂട്ടി തായ്യാറാക്കി മറ്റു വകുപ്പുകളുമായി പങ്കുവെക്കണമെന്നും നിർദേശങ്ങളുണ്ട്. കോർപ്പറേഷന്റെ നേതൃത്വത്തിൽ ഒരു വോക്കബിലിറ്റി ഓഡിറ്റ് നടത്തണമെന്നും രേഖ നിർദേശിക്കുന്നു.

കൊച്ചി കോർപ്പറേഷന്റെ കീഴിലുള്ള മാലിന്യനിർമാർജന തൊഴിലാളികളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തണമെന്നും, അവർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ കൃത്യമായി ലഭ്യമാക്കണമെന്നും, നിഷ്ക്കർഷിക്കപ്പെട്ട ഇടങ്ങളിൽ മാത്രമേ മാലിന്യങ്ങൾ തരംതിരിക്കാൻ അനുവദിക്കാവൂ എന്നും സി.എസ്.ഇ.എസ്. നിർദേശിക്കുന്നുണ്ട്.

കോർപ്പറേഷന്റെ കീഴിലുള്ള അംഗൻവാടികൾ, സർക്കാർ സ്ക്കൂളുകൾ, സർക്കാർ ആശുപത്രികൾ, കൃഷിഭവൻ തുടങ്ങി അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ അടിസ്ഥാനസൗകര്യങ്ങൾ, അവയുടെ ഗുണനിലവാരം എന്നിവ അടിസ്ഥാനമാക്കി മാനദണ്ഡങ്ങൾ വികസിപ്പിക്കണമെന്നും, ആദ്യ രണ്ടു വർഷങ്ങളിൽ ഈ കുറഞ്ഞ മാനദണ്ഡങ്ങൾ എല്ലാ സ്ഥാപനങ്ങളിലും ഉറപ്പാക്കുന്നതിന് മുൻ‌തൂക്കം നൽകണമെന്നും നിർദേശമുണ്ട്. കൊച്ചി കോർപ്പറേഷൻ നേരിടുന്ന സ്ഥലപരിമിതി മറികടക്കാനായി ഡെൽഹി സർക്കാർ നടപ്പിലാക്കിയിട്ടുള്ളതു പോലെ മൂന്നോ നാലോ അംഗൻവാടികൾ ഒരു കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന തരത്തിൽ അംഗൻവാടികളുടെ ക്ലസ്റ്ററുകൾക്ക് രൂപം നൽകുന്നതും പരിഗണിക്കാവുന്നതാണെന്ന് നിർദേശമുണ്ട്.

എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ കൊച്ചിയെ ഒരു ഇൻക്ലൂസീവ് സിറ്റിയാക്കി മാറ്റാനുള്ള നിർദേശങ്ങളും സി.എസ്.ഇ.എസ്. മുന്നോട്ടുവെക്കുന്നുണ്ട്. കൊച്ചിയെ ഒരു സ്ത്രീസൗഹൃദ നഗരമാക്കാനായി കോർപ്പറേഷന്റേതായ ഒരു ലിംഗനയത്തിന് രൂപം നൽകുക, കൊച്ചി കോർപ്പറേഷനിൽ ജെൻഡർ ബജറ്റിംഗ് നടപ്പിലാക്കുക, കോർപ്പറേഷനു കീഴിൽ ഒരു ലിംഗ തുല്യതാ കമ്മീറ്റി രൂപീകരിക്കുക, ജീവനക്കാർക്കും, ജനപ്രതിനിധികൾക്കുമായി ലിംഗതുല്യതാ ബോധവൽക്കരണം നടത്തുക, കുടുംബശ്രീയുടെ സഹകരണത്തോടെ ഡേ കെയർ സെന്ററുകൾ ആരംഭിക്കുക, രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിനുള്ള പഠനങ്ങൾ നടത്തുക, നഗരത്തിൽ സുരക്ഷിതമല്ലാത്ത പ്രദേശങ്ങൾ മനസിലാക്കുന്നതിനായി “സേഫ്‌റ്റി ഓഡിറ്റ്” കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തുക, സ്ത്രീകൾക്ക് ഷോർട്ട് സ്റ്റേയ്ക്കും, സ്ഥിരതാമസത്തിനുമായി ലഭ്യമായ സ്ഥലങ്ങളുടെ വിവരങ്ങൾ കോർപ്പറേഷന്റെ നേതൃത്വത്തിൽ തയ്യാറാക്കി ജനങ്ങൾക്ക് ലഭ്യമാക്കുക എന്നിവയും നിർദേശങ്ങളിൽ ഉൾപ്പെടുന്നു.

നഗരപരിധിയിലുള്ള സർക്കാർ ഓഫീസുകൾ, പൊതുഗതാഗതസംവിധാനങ്ങൾ, പൊതുവിടങ്ങൾ എന്നിവ ഭിന്നശേഷിക്കാർക്കും, പ്രായമായവർക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണെന്നത് ഉറപ്പുവരുത്തണമെന്നും, വിവരങ്ങൾ ബ്രെയ്‌ലി/സൈൻ/ഓഡിയോ ഫോർമാറ്റിൽ ലഭ്യമാക്കണമെന്നും, സേവനങ്ങൾ കമ്യൂണിറ്റി വർക്കേഴ്സിന്റെ സഹായത്തോടെ പ്രായമായവർക്കും, ഭിന്നശേഷിക്കാർക്കും വീട്ടുപടിക്കൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും, നഗര ബസുകളിൽ നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കി ഗൂഗിൾ മാപ്പുമായി ബന്ധിപ്പിക്കണമെന്നും, അതിഥിത്തൊഴിലാളികൾക്കായി ഒരു ഫെസിലിറ്റേഷൻ സെന്ററും, കിയോസ്ക്കുകളും ആരംഭിക്കണമെന്നും നിർദേശിക്കപ്പെട്ടിട്ടുണ്ട്.

കൊച്ചിയിൽ പൊതുവിടങ്ങൾ വർധിപ്പിക്കണമെന്നും, അവയെ സാംസ്ക്കാരികകേന്ദ്രങ്ങളായിക്കൂടി വികസിപ്പിക്കണമെന്നും, നിലവിലുള്ള പൊതുവിടങ്ങളുടെ അവസ്ഥ അവലോകനം ചെയ്യണമെന്നും, പുതിയതായി വികസിപ്പിക്കാവുന്ന പൊതുവിടങ്ങൾ കാലതാമസം കൂടാതെ ജി.ഐ.എസ്. പോലെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച്  മാപ്പ് ചെയ്യണമെന്നും, പൊതുവിടങ്ങളുടെ പരിപാലനം ക്ലബ്ബുകൾ, ട്രേഡ് യൂണിയനുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ പോലെയുള്ള പ്രാദേശികസ്ഥാപനങ്ങളെ ഏൽപ്പിക്കണമെന്നും സി.എസ്.ഇ.എസ്. നിർദേശിക്കുന്നു. സുഭാഷ് പാർക്ക് പോലെയുള്ള വലിയ പൊതുവിടങ്ങൾക്ക് പകരം ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാർക്കു പോലെ ചെറിയ അയൽപക്ക ഇടങ്ങൾ സൃഷ്ടിക്കുന്നതാകും കൊച്ചിയെപ്പോലെ സ്ഥലപരിമിതി നേരിടുന്ന പ്രദേശത്തിന് അഭികാമ്യമെന്നും സി.എസ്.ഇ.എസ്. അഭിപ്രായപ്പെടുന്നു. കേരളത്തിന്റെ കലാ-സാംസ്ക്കാരികപാരമ്പര്യം പ്രദർശിപ്പിക്കാനായി ദില്ലിഹാട്ട് പോലെയുള്ള ഇടങ്ങൾ കൊച്ചിയിൽ ഒരുക്കുന്നത് ടൂറിസം മേഖലയെ ശക്തിപ്പെടുത്തുമെന്നും രേഖ പറയുന്നു.