This report was published in Deshabhimani on 22.11.2024
സാമ്പത്തിക ശാസ്ത്രജ്ഞനും സെൻ്റർ ഫോർ സോഷ്യോ ഇക്കണോമിക് ആന്റ് എൻവയോൺമെന്ററൽ സ്റ്റഡീസ് (സെസ്സ്) സ്ഥാപക ചെയർമാനുമായിരുന്ന പ്രൊഫ. കെ കെ ജോർജിനെ അനുസ്മരിച്ചു. സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസും സെസ്സും ചേർന്നാണ് അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചത്.
‘ജനാധിപത്യ രാഷ്ട്രീയവും ഭരണവും സാമ്പത്തിക പ്രതിസന്ധിയും’ വിഷയത്തിൽ നോർവേ ഓസ്ലോ സർവകലാശാലയിലെ പൊളിറ്റിക്സ് ആൻഡ് ഡെവലപ്‌മെന്റ് എമിരറ്റസ് പ്രൊഫസർ ഒല്ലേ ടോൺക്വിറ്റ് മുഖ്യപ്രഭാഷണം നടത്തി. മാനവ വികാസത്തിലൂന്നിയ കേരളത്തിൻ്റെ വികസനം, വിഭവ പരിമിതിമൂലം നേരിടുന്ന വെല്ലുവിളികളെ ജനകീയ ചെറുത്തുനിൽപ്പുകളിലൂടെ നേരിടണമെന്ന് ഒലെ ടോൺക്വിസ്റ്റ് പറഞ്ഞു.
കൂടുതൽ ജനാധിപത്യബോധവും തുല്യതയുമുള്ള സമൂഹമാകാൻ കേരളത്തെ സഹായിച്ചത് ക്ഷേമപ്രവർത്തനങ്ങളും വിദ്യാഭ്യാസ മേഖലയിലടക്കം നടത്തിയ ഉയർന്ന മുതൽമുടക്കുമാണ്. എന്നാൽ, സർക്കാരിൻ്റെ ധനഞെരുക്കം പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. അർഹതപ്പെട്ട കേന്ദ്ര ധനവിഹിതത്തിനുവേണ്ടി ശബ്‌ദമുയർത്തുന്നതിനൊപ്പം കൂടുതൽ ജനപങ്കാളിത്തത്തോടെയുള്ള ബദൽ വികസനവഴികൾ കണ്ടെത്തി പ്രതിസന്ധി മറികടക്കണമെന്നും പ്രൊഫ. ഒലെ ടോൺക്വിസ്റ്റ് പറഞ്ഞു.
സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. കെ എ സക്കറിയ, ഡോ. പി കെ മൈക്കിൾ തരകൻ, ഡോ. രാഖി തിമോത്തി എന്നിവർ സംസാരിച്ചു.