CSES in Media

നവകേരളത്തിനായി – ഡോ. എൻ അജിത്‌കുമാർ

This analysis on Kerala Budget was published in Deshabhimani on 08.02.2020

സാമ്പത്തികമാന്ദ്യത്തിന്റെയും കേന്ദ്രനികുതി വിഹിതത്തിൽ വന്ന കുറവിന്റെയും പശ്ചാത്തലത്തിൽ നോക്കിയാൽ സർക്കാരിന്റെ മുൻ‌ഗണനകൾക്ക് കോട്ടം വരുത്താതെ പൊതുചെലവ് വർധിപ്പിച്ച്  മാന്ദ്യം നേരിടുന്നതിന് നടത്തിയ പരിശ്രമം ഈ ബജറ്റിൽ കാണാം. സാമൂഹ്യമേഖലകൾക്ക് നൽകുന്ന മുൻ‌ഗണന ഈ ബജറ്റിലും ഉണ്ട്. കിഫ്ബി വഴി അടിസ്ഥാനമേഖലയിൽ നടക്കാൻ പോകുന്ന 20000 കോടിയുടെ നിക്ഷേപം സാമ്പത്തികമാന്ദ്യത്തെ നേരിടുന്നതിൽ സംസ്ഥാനത്തെ സഹായിക്കും എന്ന് പ്രതീക്ഷിക്കാം. കേന്ദ്രസർക്കാരിന്റെയും കേരളസർക്കാരിന്റെയും സാമ്പത്തിക സമീപനങ്ങളിലുള്ള പ്രധാന വ്യത്യാസവും ഇവിടെയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം വഴിമുട്ടിനിൽക്കുന്ന സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന പുതിയ നികുതി നിർദേശങ്ങളൊന്നും ബജറ്റിൽ ഉൾപ്പെടുത്താത്തത് സ്വാഗതാർഹമായിരിക്കുമ്പോൾതന്നെ, മാന്ദ്യവും കേന്ദ്രനികുതി വിഹിതത്തിൽ വന്നിരിക്കുന്ന കുറവും കാരണം ഉണ്ടാകാവുന്ന വരുമാന നഷ്ടം മുഴുവനായും എങ്ങനെ പരിഹരിക്കാൻ കഴിയും എന്നൊരു ചോദ്യം ബാക്കി നിൽക്കുന്നു.

ഉദ്യോഗസ്ഥ പുനർവിന്യാസത്തിലൂടെ ചെലവുചുരുക്കുന്നത്തിനും, ഉള്ള ചെലവുകൾ ഫലപ്രദമായി നിരീക്ഷിക്കുന്നതിനുമുള്ള ധീരമായ ചുവടുവയ്പ് ബജ്റ്റിലൂടെ നടത്തിയിട്ടുണ്ട്. ചെലവുചുരുക്കലിന്റെ ഭാഗമായി കൃത്യമായ പരിശോധനയിലൂടെ വിവിധ സാമൂഹ്യസേവനങ്ങളുടെ ഉപഭോക്താക്കളിൽനിന്ന് അനർഹരെ ഒഴിവാക്കുന്നതിനുള്ള നിർദേശവും ബജറ്റ് മുന്നോട്ടുവയ്ക്കുന്നുണ്ട്. എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനധികൃത നിയമനങ്ങൾ തടയുന്നത്തിനായി സർക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ തസ്തിക സൃഷ്ടിക്കാൻ പാടുള്ളു എന്ന നിലയിൽ കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്ന നിർദേശവും സ്വാഗതാർഹമാണ്.

നദീ പുനരുദ്ധാരണത്തിനും ജലാശയങ്ങളുടെ നവീകരണത്തിനും തുക നീക്കിവച്ചതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് നൽകിയിരിക്കുന്ന പ്രാധാന്യവും ഈ ബജറ്റിനെ വ്യത്യസ്തമാക്കുന്നു. ഊർജനഷ്ടം കുറയ്ക്കാനായി സി‌എഫ്‌എൽ ബൾബുകൾ നിരോധിക്കുമെന്ന പ്രഖ്യാപനം അഭിനന്ദനാർഹമാണ്. പരിസ്ഥിതി സംരക്ഷണത്തിനായി തൊഴിലുറപ്പുപദ്ധതിയെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന വ്യക്തമായ കാഴ്ചപ്പാടും ബജറ്റവതരിപ്പിക്കുന്നുണ്ട്.

സ്ത്രീകൾക്കായുള്ള പദ്ധതികളുടെ അടങ്കൽത്തുക 760 കോടിയിൽ നിന്ന് രണ്ടിരട്ടി വർധിപ്പിച്ചത് പ്രാധ്യാനയമർഹിക്കുന്നു. ജെൻഡർ ബജറ്റിന് സമാനമായി എൽഡർ ബജറ്റ് തയ്യാറാക്കുമെന്ന നിർദേശവും സ്വാഗതാർഹമാണ്. എന്നാൽ, 2016 ലെ ഭിന്നശേഷി അവകാശനിയമത്തിന്റെ പശ്ചാത്തലത്തിൽ ഭിന്നശേഷിക്കാർക്കായുള്ള ബജറ്റ് വിഹിതം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നതിലും ഉയർന്നതായിരിക്കുമെന്നായിരുന്നു. പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഭിന്നശേഷി ബജറ്റ് തയ്യാറാക്കുന്നതും പരിഗണിക്കാവുന്നതാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹം എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിന് അത് അനിവാര്യമാണ്.