blogs

കോവിഡാനന്തര കേരളത്തിലെ കാർഷികരംഗം – ചില ചിന്തകൾ

M. Gopakumar (Social Activist)

June 30th 2020

Disclaimer: The views expressed here are solely of the author and not of CSES

കോവിഡാനന്തര കേരളം എങ്ങനെയായിരിക്കും എന്ന ചർച്ചയിലും പ്രവൃത്തികളിലുമാണല്ലോ എല്ലാവരും. ചില്ലറ കാര്യങ്ങൾ ഇങ്ങനെ ഓർത്തും തെരഞ്ഞും സമയം പോക്കുന്ന പരിപാടി എനിക്കുമുണ്ട്.

കൃഷി ശക്തിപ്പെടുത്തുക എന്ന അജണ്ട മുന്നോട്ടു വച്ചു കഴിഞ്ഞു. കേരളത്തിന്റെ ആകെ കൃഷി വിസ്തൃതിയുടെ 62 ശതമാനം പലവിധ നാണ്യ വിളകളാണ്. 28 ശതമാനം cropped area പ്ലാന്റേഷൻ ആണ്. ഭക്ഷ്യവിള കൃഷി വിസ്തൃതി ഏതാണ്ട് 10 ശതമാനം മാത്രമാണ്. എന്നാൽ കേരളത്തിലെ കൃഷിയുടെ പുനർജീവൻ എന്നു നാം ഇപ്പോൾ പറയുന്ന സംഗതി ഏതാണ്ട് പച്ചക്കറിയിൽ തുടങ്ങി അവിടെ നിൽക്കുന്ന വർത്തമാനമാണ്. നമ്മുടെ food basket ന്റെ ഒരു വലിയ ഭാഗം നാം തന്നെയുണ്ടാക്കുക എന്നതിന് ഒരു രാഷ്ട്രീയപ്രാധാന്യം ഉണ്ട് എന്നത് ശരിയാണ്. പക്ഷെ കൃഷിയുടെ revival എന്നത് cropped area യുടെ 10 ശതമാനത്തിന്റെ ഒരംശം മാത്രമായ പച്ചക്കറികൃഷിയുടെ വികസനം മാത്രമായി കണക്കാക്കാനാവില്ല. അതിൽ ഭക്ഷ്യ സുരക്ഷയുടെ ഒരു വശമുണ്ടെന്നത് കാണാതെയല്ല. പക്ഷെ, പ്രായോഗികതലത്തിൽ കേരളത്തിലെ കൃഷിയുടെ revival എന്നത് cropped area യുടെ 62 ശതമാനം കൃഷിയുള്ള cash crops, 28 ശതമാനം വരുന്ന റബർ, കാപ്പി, ഏലം, തേയില തുടങ്ങിയ പ്ലാന്റേഷൻ ഇവയെക്കൂടി ചേർത്തുകൊണ്ടാകണ്ടേ? പ്ലാന്റേഷൻ എന്നു കേൾക്കുമ്പോൾ തന്നെ പ്ലാന്റേഷൻ ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യുന്ന ഒരു സുന്ദര ലോകത്തെ കുറിച്ചാകും ചിലരുടെയെങ്കിലും ആലോചന. നിരവധി ഘടകങ്ങൾ കൊണ്ട് പൊറുതി മുട്ടുന്ന രംഗമാണ് നമ്മുടെ തോട്ടം മേഖല. സ്വതന്ത്ര വ്യാപാര കാലം കോവിഡ് കഴിയുന്നതോടെ കളം ഒഴിയുകയൊന്നുമില്ല.

അതുകൊണ്ടുതന്നെ നാളികേരം, റബർ, തോട്ടം മേഖല ഇവയിലൊക്കെ പുതിയ നിലപാടില്ലാതെ കൃഷിയുടെ പുനരുജ്ജീവനം സാദ്ധ്യമല്ല. ഖനനം, മത്സ്യമേഖല, പാലുല്പാദനം, കൃഷി ഇവയെല്ലാം ചേർന്ന പ്രാഥമിക മേഖലയുടെ സംഭാവന സംസ്ഥാനത്തിന്റെ gross value addedന്റെ ഏതാണ്ട് 10 ശതമാനമാണ്. നിർമ്മാണം, ചെറുകിട ഉല്പാദനം, ഫാക്ടറി മേഖല എല്ലാം കൂടി 28 ശതമാനം. നിർമ്മാണത്തിന്റെ പങ്ക് കുറഞ്ഞുവരികയുമാണ്. അതേ പോലെ പ്രാഥമിക മേഖലയിൽ മൈനിംഗ്, quarrying എന്നിവയുടെ വിഹിതവും കുറയുന്നുണ്ട്. വാരാൻ മണലും പൊട്ടിക്കാൻ പാറയും വേണ്ടേ? 62 ശതമാനവും ടൂറിസം, മറ്റു സേവനങ്ങൾ എന്നിവയുടെ പങ്കാണ്. പ്രാഥമിമേഖലയിൽ കാർഷിക വളർച്ച നെഗറ്റീവ് 0.5 ശതമാനമാണ് എന്നതുമോർമിക്കണം.

കോവിഡാനന്തര കേരളത്തിലെ പുനരുദ്ധാരണത്തിൽ കൃഷിയുടെ പങ്ക് എങ്ങനെയാവണം എന്നത് പുനർവായിക്കാവുന്ന ഒരു അന്തരീക്ഷം നിലവിലുണ്ട്. ഉദാഹരണത്തിന് “എന്റെ ഭൂമി എനിക്ക് കൃഷി ചെയ്യാൻ സൗകര്യമില്ലെങ്കിൽ വെട്ടിക്കൂട്ടി കൂനവെയ്ക്കും” എന്ന വാദം ഇനി പണ്ടേ പോലെ എറിക്കാൻ സാധ്യത കുറവാണ്. ഭൂമിയിന്മേലുള്ള അവകാശം usufructury right ആണ്, ഉപയോഗ അവകാശമാണ്, absolute right അല്ല എന്നൊക്കെ പറയാവുന്ന നിലയിലേക്ക് നമ്മൾ എത്തിയിട്ടുണ്ട്. അതാണ് “നിങ്ങൾക്ക് കൃഷി പറ്റില്ല എങ്കിൽ തയ്യാറാകുന്നവർക്ക് കൃത്യമായ വ്യവസ്ഥ പ്രകാരം കൃഷി ചെയ്യാൻ കൊടുക്കണം” എന്നൊക്കെ പറയാൻ നമുക്ക് സാധിക്കുന്നത്.

മറ്റൊരു അനുകൂല സാഹചര്യമുണ്ട്. അത് ഊഹ വിലയുടെ അടിസ്ഥാനത്തിലുള്ള ഭൂമിക്കച്ചവട മാതൃകയുടെ (real estate)തകർച്ചയാണ്. ഈ തകർച്ച ഭൂമിയെ ഉല്പാദന ഉപാധി എന്ന തരത്തിലേയ്ക്ക് ഉയർത്താൻ ഉപയുക്തമായ മാറ്റമാണ്. ഗൾഫിൽ നിന്നും മറ്റുമുള്ള return migration ആണ് മറ്റൊരു അനുകൂല ഘടകം. ഇങ്ങനെ തിരിച്ചു വരുന്നവരുടെ ശരാശരി പ്രായം (ഊഹമാണ്) 45 – 50 ആകാം. എന്നു പറഞ്ഞാൽ 15 – 20 കൊല്ലം കൂടി ഉല്പാദനക്ഷമമായ ഒരു ജീവിതം അവർക്ക് ഇനിയും ഉണ്ടാകും. അവർക്ക് മിനിമം വരുമാനമുണ്ടാക്കാവുന്ന ഒരു മേഖല എന്ന നിലയിൽ കൃഷി സാദ്ധ്യമായേക്കാം. കാല്പനിക കൃഷി വഴി മുടക്കാൻ നിൽക്കരുത്. ശാസ്ത്രീയമായ കാർഷിക വൃത്തി അവലംബിക്കേണ്ടി വരും.

കൃഷിയിലേയ്ക്ക് തിരിയുക എന്നു പറഞ്ഞാൽ നാം എന്താണ് ലക്ഷ്യമിടുന്നത്? എല്ലാവർക്കും ഒരേ അഭിപ്രായം ആയിരിക്കുമോ? എന്റെ തോന്നൽ അല്ല എന്നാണ്. അങ്ങനെ ഒരു collective understanding ഉണ്ട് എന്ന് തോന്നുന്നില്ല. കേരളത്തിലെ ഒരു മദ്ധ്യവർഗ താല്പര്യം എന്തായിരിക്കും? നാടൻ പച്ചക്കറിയൊക്കെ കിട്ടണം. വളം ചെയ്യലിനെക്കുറിച്ചും കീട നിയന്ത്രണത്തെക്കുറിച്ചുമെല്ലാം സാർവ്വത്രികമായി കിട്ടുന്ന ധാരണ വെച്ച് വളമിടാത്ത, കീടനാശിനി അടിക്കാത്ത (രണ്ടും ഒറ്റ ശ്വാസത്തിലാണ്) നാടൻ പച്ചക്കറി വേണം. ഇതാണ് എന്നെപ്പോലുള്ളവരുടെ താല്പര്യം. മറ്റു കുറച്ച് പേർക്ക് നെൽകൃഷിയാണ്. പണ്ടൊക്കെ നെല്ല് കുത്തി കഞ്ഞി കുടിച്ച കാര്യമൊക്കെ പറയുന്ന രീതി. നമുക്ക് ഇത് രണ്ടിന്റേയും കാര്യമെടുക്കാം.

ആദ്യം നെല്ല്… 1960 – 61 ൽ എട്ട് ലക്ഷം ഹെക്ടർ സ്ഥലത്ത് നെൽകൃഷി ഉണ്ടായിരുന്നത് ഇപ്പോൾ രണ്ട് ലക്ഷം ഹെക്ടറിൽ കണ്ടേക്കാം. നെല്ലുല്പാദനം അന്ന് 10.7 ലക്ഷം ടൺ. ഇത് 1990-91 ൽ 10.9 ലക്ഷം ടണ്ണായി ഉയർന്നു. ഇത് ഇന്ന് 5.8 ലക്ഷം ടൺ ആണ്. കേരളത്തിലെ നെല്ലുല്പാദനത്തിന്റെ 37 ശതമാനം പാലക്കാട്ടും 22 ശതമാനം ആലപ്പുഴയിലും, 12 ശതമാനം തൃശൂരും, 11 ശതമാനം കോട്ടയത്തുമാണ്. നമ്മുടെ അരി ആവശ്യം ഏതാണ്ട് 38 ലക്ഷം ടൺ പ്രതിവർഷം ആകാം. ഒരു കാലത്തും നമുക്കാശ്യമുള്ള അരിയുടെ മൂന്നിലൊന്നു പോലും ഇവിടെ ഉണ്ടാക്കിയിട്ടില്ല എന്നു തോന്നുന്നു. ഇന്നാകട്ടെ ആറിലൊന്നു പോലുമില്ല. ഉല്പാദനക്ഷമത ഈ വർഷവും ഉയർന്നിട്ടുണ്ട്. ഒരു ഹെക്ടറിൽ 2920 കിലോഗ്രാം.

ഇനി നെൽകൃഷി കേരളത്തിലെ മനുഷ്യന്റെ പ്രധാന ജീവനോപാധിയായിരുന്നോ എന്ന് നോക്കാം? നാല് ജില്ലകളിൽ മാത്രമാണ് ആകെ നെല്ലുല്പാദനത്തിന്റെ 81 ശതമാനവും നടക്കുന്നത്. അതായത് ഭൂരിഭാഗം ജില്ലകളിലും നെല്ല് ഒരു പ്രധാനപ്പെട്ട ഉല്പാദനവിളയല്ല. ഇതു പറയുന്നതിനർത്ഥം നെൽകൃഷി വേണ്ടെന്നൊന്നും അല്ല. കോവിഡാനന്തര കാലത്ത് നാം എന്തു ചെയ്യും എന്ന ആസൂത്രണമൊക്കെ ആകുമ്പോൾ ഇത് കൂടി കണക്കിലെടുക്കണമെന്ന് മാത്രം.

പച്ചക്കറിയുടെ കാര്യം നോക്കിയാലോ? 25 ലക്ഷം ടൺ പച്ചക്കറിയാണ് നമ്മുടെ വാർഷിക ആവശ്യം. ആഭ്യന്തര ഉല്പാദനം 10 ലക്ഷം ടൺ ആണ്. 60 ശതമാനം നമ്മുടെ നാടനാണ്. നമ്മുടെ പച്ചക്കറി ശീലം നന്നായി മാറിയിട്ടുണ്ട്. ശൈത്യകാല/ദേശ വിളകൾ നമ്മുടെ vegetable basket ന്റെ ഒരു പ്രധാനയിനമാണ്. അത് വിളയിക്കാവുന്ന സ്ഥലം വട്ടവടയോ മൂന്നാറോ ഒക്കെ മാത്രമേ ഉള്ളൂ. അപ്പോൾ പരമാവധി ഒരു 5-8 ലക്ഷം ടൺ പച്ചക്കറി ഉല്പാദനത്തിന്റെ scope അല്ലേ ഉണ്ടാകൂ (ആഭ്യന്തര വിപണി ലക്ഷ്യമിട്ടാണെങ്കിൽ). ഇതിന്റെ തൊഴിൽ ക്ഷമത എത്രയായിരിക്കും? അതേ സമയം ആകെ cropped area യുടെ 62 ശതമാനം നാണ്യവിളകളാണ്. ഒരു തൊഴിൽ മേഖല എന്ന നിലയിൽ കൃഷിയുടെ വർധനവ് നമ്മുടെ ലക്ഷ്യമാണോ?
എങ്കിൽ പ്ലാന്റേഷൻ അടക്കമുള്ള നാണ്യവിള കൃഷിയെ ഗൗരവത്തിൽ അഭിസംബോധന ചെയ്യേണ്ടതുണ്ട്.

നാളികേരത്തിന്റെ നാട് എന്ന പേര് കേരളത്തിന് ഇപ്പോഴും ചേരുമോ? കണക്കു നോക്കിയാൽ അങ്ങനെ കരുതണം. 7.6 ലക്ഷം ഹെക്ടറിൽ തെങ്ങു കൃഷിയുണ്ട്. തെങ്ങ് കൃഷി വിസ്തൃതിയിലും ഉല്പാദനത്തിലും കേരളമാണ് ഒന്നാമത്. എന്നാൽ ഉല്പാദന ക്ഷമതയിൽ അഞ്ചാമതാണ്. കേരളത്തിലെ ആകെ വിള വിസ്തൃതിയുടെ 30 ശതമാനം തെങ്ങാണ്. നെൽക്കൃഷി എട്ട് ശതമാനത്തിൽ താഴെയേ വരൂ. കൃഷി എന്ന് നാമെല്ലാം പറയുമ്പോൾ പിന്നെന്താണ് തെങ്ങ് വരാത്തത്? മരം മാത്രമല്ല. കായുമുണ്ടാകുന്നുണ്ട്. 523 കോടി തേങ്ങയുണ്ടാകുന്നുണ്ട്. പിന്നെന്തേ ജീവിക്കാനുള്ള ഉപാധിയായി തെങ്ങ് കൃഷിയെ എടുക്കുന്നവരുടെ എണ്ണം വളരെ കുറവാകുന്നത്?തെങ്ങിനെ കാര്യമായി ആരും നോക്കുന്നുണ്ടാവില്ല. വെള്ളമൊഴിച്ചാൽ തന്നെ കായ്ക്കുന്ന ഒരു പാവം മരമാണിതെന്നു കേട്ടിട്ടുണ്ട്. ഇന്നിപ്പോൾ നനയുമില്ല കിളയുമില്ല.

തൊണ്ടും മടലും ഓലയും ചിരട്ടയുമടക്കം സകല സാധനത്തിനും ഉപയോഗമുള്ള ഒരു വൃക്ഷം. പിന്നെ കള്ളിന്റെ കാര്യം പറയുകയും വേണ്ട. കേരളത്തിൽ ഏതാണ്ട് ഒരു ലക്ഷം പേർക്ക് ഇന്നും തൊഴിലു കൊടുക്കുന്ന കയർ വ്യവസായം നാളികേര കൃഷിയെ ആശ്രയിക്കുന്നതാണല്ലോ. തമിഴ് നാട്ടിൽ നിന്നിപ്പോൾ ചകിരി വരാതായപ്പോൾ സംഗതി പാളിയിട്ടുണ്ട്. നാം നന്നായി ഉല്പാദനം കൂട്ടി. പക്ഷെ പോര. ഇങ്ങനെ തെങ്ങിനോളം പ്രാധാന്യമുള്ള ഒരു വിള വേറേയുണ്ടോ? റബ്ബർ പോലുമില്ല. എത്ര അനുബന്ധ വ്യവസായമാണ് ? കള്ള് , കയർ, ഇങ്ങനെ?

കേരളത്തിലെ കാർഷികസമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തിൽ പ്രഥമ പരിഗണന നമ്മുടെ നാളികേരത്തിന് നൽകണം. ഒരു ദീർഘകാല വിളയാണ്. വെച്ചുപിടിപ്പിച്ച് കായ ഫലം കിട്ടാൻ കാത്തിരിക്കണം. പുതിയത് വയ്ക്കണം. കുറെ കള്ളിന്, കുറെ കരിക്കിന്, കുറെ കാമ്പിന്,
ഇങ്ങനെ ഇനം തിരിച്ച്.

പിന്നെ ഇപ്പോൾ കായ്ക്കുന്ന വൃക്ഷങ്ങൾക്ക് പരിപാലനം ഉറപ്പാക്കിയാൽ കായ ഫലം ഗണ്യമായി വർദ്ധിക്കില്ലേ? തെങ്ങ് സംരക്ഷിക്കാൻ താൽപ്പര്യമുള്ളവരെ വൃക്ഷം ഏൽപ്പിക്കണം. പറമ്പ് മാറണ്ട. ചെത്ത് തെങ്ങ് നല്കുന്നതു പോലെ നൽകണം. പണ്ട് തെങ്ങ് കെട്ടൊന്നൊരു ഏർപ്പാടുണ്ടായിരുന്നു. തെങ്ങ് ഒരു സംഘത്തിന് പണയപ്പെടുത്തുകയാണ്. ഫലം സംഘം എടുത്ത് വീതിക്കും. ഈ മാതൃക ആയിക്കൂടെ?

റബ്ബർ വെയ്ക്കുന്ന സ്ഥലങ്ങളിൽ ഒരു രീതിയുണ്ട്. റബ്ബർ വെച്ച് വെട്ടു പ്രായമാക്കി കൊടുക്കാൻ സ്ഥലം നൽകും. മൂലധന ചെലവ് സ്ഥലമുടമയുടേതാണെന്നു തോന്നുന്നു. സ്ഥലം ഏറ്റെടുക്കുന്നവർ പൈനാപ്പിൾ വയ്ക്കും. വിളവെടുക്കും. ഈ മാതൃക തെങ്ങ് കൃഷിയിൽ പറ്റുമോ? പൈനാപ്പിളിനു പകരം കിഴങ്ങുകളോ, പൂക്കളോ എന്തുമാകാം. എന്തായാലും ആകെ വിള വിസ്തൃതിയുടെ 30 ശതമാനമുള്ള തെങ്ങിൽ നാം തൊടണം. തെങ്ങിനു നനയ്ക്കുമ്പോൾ കിഴങ്ങിനും കിട്ടണം. അങ്ങനെ…

രാജ്യത്തെ തോട്ടവിള ഉൽപ്പാദനത്തിൽ 48 ശതമാനം കേരളത്തിലാണ്. പ്ലാന്റേഷനുവേണ്ടി ഇന്ത്യയിലാകെ ഉപയോഗിക്കപ്പെട്ടിട്ടുള്ള ഭൂമിയുടെ 37.2 ശതമാനം കേരളത്തിലാണ്. റബ്ബർ ഉൽപ്പാദനത്തിന്റെ 84 ശതമാനവും ഏലം ഉൽപ്പാദനത്തിന്റെ 89 ശതമാനവും കാപ്പി ഉൽപ്പാദനത്തിന്റെ 20 ശതമാനവും തേയില ഉൽപ്പാദനത്തിന്റെ 5 ശതമാനവും കേരളത്തിന്റെ വിഹിതമാണ്. ഇവയെല്ലാംകൂടി കേരളത്തിലെ ആകെ വിളവിസ്തീർണ്ണത്തിന്റെ 28 ശതമാനം വരും. 2018ലെ കണക്കുകൾ അനുസരിച്ച് 3.3 ലക്ഷം പേരാണ് തോട്ടം മേഖലയിലെ തൊഴിലാളികൾ. ഇതിൽ പകുതിയിലേറെ സ്ത്രീകൾ. 2012-13ൽ നമ്മുടെ ആഭ്യന്തര കാർഷികോൽപ്പാദനത്തിന്റെ 33 ശതമാനം തോട്ടം മേഖലയുടേതായിരുന്നു. 21000 കോടി രൂപ. എന്നാൽ ഇപ്പോൾ ഇത് 10000 കോടിയിൽ താഴെയാണ്.

കേരളത്തിലെ തോട്ടവിളകളുടെ പ്രധാന പരാധീനത ഉൽപ്പാദനക്ഷമത കുറവാണെന്നതാണ്. ഉദാഹരണത്തിന് തേയില. തേയിലയുടെ മൊത്തം കൃഷി വിസ്തൃതി നമാമാത്രമായിട്ടാണെങ്കിലും ഉയരുകയാണ് ചെയ്തത്. പക്ഷെ, ഉൽപ്പാദനം ഇടിഞ്ഞു. ഇതിന്റെ കാരണം ഉൽപ്പാദനക്ഷമത കുറവായതാണ്. തേയിലയുടെ ദേശീയ ശരാശരി ഉൽപ്പാദനക്ഷമത ഹെക്ടറിൽ 2288 കിലോഗ്രാം ആണ്. കേരളത്തിലാകട്ടെ ഇത് 1666 കിലോയാണ്. ഇതിന്റെ കാരണമെന്താണ്? നമ്മുടെ തേയിലച്ചെടികൾക്ക് കുറഞ്ഞത് 70 കൊല്ലം പഴക്കമുണ്ട്. അതുമാറ്റി പുതിയത് നടണമെങ്കിൽ വലിയ തോതിൽ മൂലധനമുടക്കുവേണം. ധനകാര്യസ്ഥാപനങ്ങൾ വായ്പ നൽകിയാലേ ഈ മൂലധനമുടക്ക് സാധ്യമാകൂ. പക്ഷെ, തേയിലത്തോട്ടത്തിന് വായ്പ നൽകാൻ കേരളത്തിലെ ഏതെങ്കിലും ബാങ്ക് തയ്യാറാകുമോ? പതിറ്റാണ്ടുകളായി നീളുന്ന ഉടമസ്ഥതാ തർക്കത്തിൽപ്പെട്ട് കുരുങ്ങിയ ഭൂമിയാണ് നല്ലപങ്ക് തേയിലത്തോട്ടവും. കൈയ്യേറിയവ പിടിച്ചെടുക്കണം. അതിന്റെ പേരിൽ തേയിലത്തോട്ടം തന്നെ എന്തോ ദേശദ്രോഹമാണെന്നു പറഞ്ഞ് ഇറങ്ങിയാൽ എന്തു ചെയ്യാൻ കഴിയും? ദേവികുളം താലൂക്കിൽ മാത്രം തേയില മേഖലയിൽ ഒരുലക്ഷത്തിലധികം പേർ പണിയെടുക്കുന്നുണ്ടാവും. ഓരോരുത്തരുടെയും കാൽപ്പനിക മനോവ്യാപാരങ്ങളിൽ കുടുങ്ങി കേരളത്തിലെ തോട്ടങ്ങൾ തകരാൻ ഇടയാകരുത്.

റബ്ബറിന്റെ സ്ഥിതി നോക്കൂ. റബ്ബറിന്റെ ദേശീയശരാശരി ഉൽപ്പാദനക്ഷമത ഏതാണ്ട് ഹെക്ടറിൽ 1600 കിലോഗ്രാമാണ്. കേരളത്തിൽ ഇത് 1000ൽ താഴെയും. കാരണമെന്താണ്? റീ-പ്ലാന്റിംഗ് നടക്കുന്നില്ല. അതിനുള്ള ഒരു ഇൻസെന്റീവ് ഒട്ടും ഇല്ലതാനും. സ്വതന്ത്ര വ്യാപാര കരാറുകൾ നമ്മുടെ സമ്പദ്ഘടനയെ എത്രത്തോളം തകർത്തുവെന്നതിന്റെ ഉദാഹരണമാണ് റബ്ബർ തോട്ടങ്ങൾ. ഇന്നത്തെയത്ര റബ്ബർ തോട്ടങ്ങൾ നിലനിൽക്കാൻ സാധ്യതയില്ലെന്ന് തോന്നുന്നു. പക്ഷെ, അത് വെട്ടിമാറ്റി മുഴുവൻ വെള്ളരിക്ക നടാൻ തീരുമാനിക്കരുത് എന്നാണ് എന്റെ അഭ്യർത്ഥന. ഇവിടെ കഴിയുന്ന സ്ഥലങ്ങളിൽ കരിക്കിനും കള്ളിനുമൊക്കെയുള്ള തെങ്ങ് വയ്ക്കണം. അത് ചൊട്ടവിരിയുന്ന കാലം വരെ (നാലു കൊല്ലം) തെങ്ങിനെ പോറ്റാനുതകുന്ന വിപുലമായൊരു വായ്പാ പരിപാടി ഉണ്ടാകണം.

ഏലം ഉൽപ്പാദനത്തിന്റെ 89 ശതമാനവും ഇപ്പോഴും കേരളത്തിന്റേതു തന്നെയാണ്. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലംകൊണ്ട് ഏലത്തിന്റെ വിളവിസ്തൃതി ഗണ്യമായി കുറഞ്ഞു. ഏലപ്പാട്ടം സംബന്ധിച്ച അവസാനിക്കാത്ത ആശങ്കകളും തർക്കങ്ങളും അവ്യക്തതകളുമാണ് ഇതിന് ആധാരം.

നമ്മുടെ ആദ്യകാല പ്രവാസികളിൽ പലരും ഈ മലയോരത്തുനിന്നും കടൽ കടന്നവരാണ്. അവരിൽ പലരും തിരിച്ചുവരുമ്പോൾ അവർക്ക് രക്തത്തിൽ അലിഞ്ഞ ഒരു തൊഴിൽ മേഖല ഏതെന്നു ചോദിച്ചാൽ അത് തോട്ടം വിളകളായിരിക്കും. അപ്പോഴും അനന്തമായ ഈ തർക്കങ്ങളും കാൽപ്പനിക വ്യാപാരങ്ങളുംകൊണ്ട് കാലം കഴിക്കാതെ മണ്ണും മഞ്ഞും കാറ്റും കുളിരുമൊക്കെ സംരക്ഷിച്ചുകൊണ്ട് തോട്ടം വിളകൾ ശക്തിപ്പെടുത്തുന്നത് എങ്ങനെയെന്ന ആലോചന കോവിഡാനന്തര കേരളത്തിൽ സുപ്രധാനമാണ്.

കോവിഡ് കേരളത്തിന് എന്തു നഷ്ടം വരുത്തും? കോവിഡ് ഭീഷണി എത്രകാലം നിലനിൽക്കും, ഇത് മൂലം നിലയ്ക്കുകയോ മന്ദീഭവിക്കുകയോ ചെയ്ത വിവിധ ഉല്പാദന മേഖലകൾ മുൻനില കൈവരിക്കാൻ എത്രസമയമെടുക്കും എന്നതെല്ലാം നോക്കിയാണ് കോവിഡ് മൂലമുണ്ടാകാവുന്ന നഷ്ടം കണക്കാകുക. GIFT (Guilati Institute of Finance and Taxation) അടുത്തിടെ ഒരു പഠനം നടത്തിയിട്ടുണ്ട്. മൂന്നു തരത്തിലെ അനുമാനങ്ങൾ എടുത്ത് ഉല്പാദന നഷ്ടം കണക്കാക്കുകയാണ് അവർ ചെയ്തിട്ടുള്ളത്. ലോക്ക്ഡൗൺ കാലം മാത്രമുള്ള നഷ്ടം എന്നതാണ് ഒരനുമാനം. ചില മേഖലകൾ പൂർവ സ്ഥിതി കൈവരിക്കാൻ മൂന്ന് മാസമെടുത്തേയ്ക്കും എന്ന അനുമാനമാണ് രണ്ടാമത്തേത്. ചിലത് വർഷം ഒന്നെടുത്തേയ്ക്കാം എന്നതാണ് മൂന്നാമത്തെ അനുമാനം. അപ്പോൾ എന്ത്? ഇതാണ് രീതി. മൂന്നു രീതിയിലും നഷ്ടമെത്ര എന്ന് കണക്കാക്കിയിരിക്കുകയാണ്. അതിന്റെ വിശദാംശങ്ങളിലേയ്ക്കില്ല.

ഏറ്റവും വേഗം പുനർജീവനം നേടുക കൃഷിയായിരിക്കും. വാസ്തവത്തിൽ കേരളത്തിലെ കാർഷികമേഖലയെ ഗണ്യമായി ഈ കോവിഡ്കാലം ബാധിക്കുന്നുണ്ടോ എന്ന് തന്നെ സംശയം. പക്ഷെ, ട്രാവലും ടൂറിസവും എത്ര കാലം കൊണ്ട് ഇന്നത്തെ സ്വഭാവത്തിൽ പഴയ പ്രൗഢി തിരിച്ചു പിടിക്കും? സിനിമയോ? നിർമ്മാണങ്ങൾ? സേവന വിനോദ മേഖലകൾ വർഷമൊന്നെങ്കിലും എടുക്കും ഒന്ന് കര കയറാൻ. കേരളത്തിന്റെ ആഭ്യന്തര ഉല്പാദനത്തിൽ ഇമ്മാതിരിയുള്ളവയുടെ പങ്ക് ഏതാണ്ട് 70 ശതമാനത്തിൽ അധികം വരും. ഇത് കണക്കാക്കിയാണ് ശരാശരി 6 മാസം എന്ന ഏറ്റവും മിതമായ അനുമാനത്തിൽ ഒന്നര ലക്ഷം കോടി രൂപയുടെ gross value added നഷ്ടവും ഏതാണ്ട് 15 ശതമാനം നെഗറ്റീവ് വളർച്ചയും എന്ന നിഗമനത്തിലേക്ക് ഈ പഠനമെത്തുന്നത്. ഇത് ഞെട്ടിക്കുന്നതാണ്. ഇതിനെ അതിജീവിക്കുന്നതെങ്ങിനെയാണ് എന്ന ചോദ്യം നാം ഉയർത്തണം.

ഇല്ലാത്ത സ്ഥലത്ത് കൃഷി ചെയ്ത് ഇത് പരിഹരിക്കാം എന്നു കരുതരുത്. കൃഷിയ്ക്ക് വലിയ പ്രാധാന്യം ഉണ്ട്. പക്ഷെ ഈ നഷ്ടം പരിഹരിച്ച് ഇന്നത്തെ നമ്മുടെ ജീവിതസൗകര്യങൾ തുടരാം എന്നു കരുതുക വയ്യ. Life style മാറ്റണം. പക്ഷെ ഇത്രമേൽ മാറ്റുമോ എന്നു ചോദിച്ചാൽ ഇല്ല എന്നേ സത്യസന്ധമായി പറയാനാകൂ. അപ്പോൾ കൂടുതൽ competitive ആയവർക്ക് ദേദപ്പെട്ട അതിജീവനം എന്ന നിലയാകുമോ ?

വാസ്തവത്തിൽ Post Pandemic Kerala യുടെ മുന്നിലുള്ള വെല്ലുവിളി നാം പുലർത്തുന്ന സാമാന്യം ഭേദപ്പെട്ട സമത്വം തുടരുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതെങ്ങനെ എന്നതാണ് എന്നു തോന്നുന്നു.