CSES in Media

91 ശതമാനം പേര്‍ പണരഹിത വിനിമയം നടത്തിയിട്ടില്ലാത്തവര്‍

This report on CSES study was published in Mathrubhumi on 09.01.2017

നേരിട്ടുകണ്ട് പഠനം നടത്തിയത് എറണാകുളം ജില്ലയിലെ ഗ്രാമീണ മേഖലയില്‍ 

നോട്ട് അസാധുവാക്കലിനു ശേഷം ഇത്തരം സൗകര്യങ്ങള്‍ക്ക് ശ്രമം തുടങ്ങിയത് രണ്ട് ശതമാനം പേര്‍

എറണാകുളത്തെ ഗ്രാമങ്ങളില്‍ പോലും 91 ശതമാനം പേരും ജീവിതത്തില്‍ ഒരിക്കല്‍ പോലും പണരഹിത വിനിമയം നടത്തിയിട്ടില്ലാത്തവരെന്ന് പഠന റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കലിനു ശേഷം ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിച്ച് വിനിമയം നടത്താന്‍ തുടങ്ങിയവര്‍ രണ്ട് ശതമാനത്തില്‍ താഴെ മാത്രം.
കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് എറണാകുളം ജില്ലയിലെ പള്ളിപ്പുറം, മണീട്, അശമന്നൂര്‍ പഞ്ചായത്തുകളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

പ്രായപൂര്‍ത്തിയായ അഞ്ഞൂറ് ആളുകളെ അവരുടെ വീടുകളില്‍ പോയി നേരിട്ടു കണ്ടാണ് വിവരങ്ങള്‍ ശേഖരിച്ചത്. 

ഉദ്യോഗസ്ഥര്‍, സ്വയം സംരംഭകര്‍, വ്യവസായികള്‍, വിദ്യാര്‍ഥികള്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരാണ് കറന്‍സി രഹിത വിനിമയത്തില്‍ മുന്നില്‍. ഭൂരിഭാഗം വരുന്ന കൂലിപ്പണിക്കാര്‍, അസംഘടിത തൊഴിലാളികള്‍, വീട്ടമ്മാര്‍ എന്നീ വിഭാഗങ്ങളില്‍ വളരെ ചെറിയൊരു വിഭാഗമേ ഈ സൗകര്യങ്ങള്‍ ഒരിക്കലെങ്കിലും ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുള്ളൂ.

കൂലിപ്പണിയെടുക്കുന്നവരില്‍ രണ്ട് ശതമാനവും വീട്ടമ്മാരില്‍ മൂന്നു ശതമാനവുമാണ് പണരഹിത വിനിമയം നടത്തിയിട്ടുള്ളത്. അതേസമയം ഉദ്യോഗസ്ഥ വിഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും 30 ശതമാനവും വ്യവസായികള്‍, സ്വയം സംരംഭകര്‍ എന്നിവരില്‍ 12 ശതമാനവും പണരഹിത വിനിമയം നടത്തുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ വിരമിച്ചവരില്‍ ആരും പണരഹിത വിനിമയം നടത്തിയിട്ടില്ല. പണരഹിത വിനിമയത്തിന് വിദ്യാഭ്യാസ നിലവാരം വളരെ പ്രധാനമാണെന്ന് പഠനം വ്യക്തമാക്കുന്നു. 
സര്‍വേയില്‍ പങ്കെടുത്തവരില്‍ ഹൈസ്‌കൂള്‍ നിലവാരത്തില്‍ താഴെ വിദ്യാഭ്യാസമുള്ള ഒരാളും ഇത്തരം വിനിമയത്തിന് ശ്രമിച്ചിട്ടില്ല. 

ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ളവരില്‍ മൂന്നര ശതമാനം പേര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 

സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം പേര്‍ക്ക് എ.ടി.എം. കാര്‍ഡ് ഉണ്ട്. എന്നാല്‍, മൂന്നിലൊന്ന് ആളുകളാണ് ഇത് പണം പിന്‍വലിക്കലടക്കമുള്ള ഏതെങ്കിലും കാര്യങ്ങള്‍ക്കായി കാര്‍ഡ് ഉപയോഗിച്ചിട്ടുള്ളത്. 

28 ശതമാനം പേര്‍ എ.ടി.എം കാര്‍ഡ് പണം പിന്‍വലിക്കുന്നതിന് മാത്രമാണ് ഉപയോഗിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ്, മൊബൈല്‍ ബാങ്കിങ്, ഇ-വാലറ്റ് എന്നീ സൗകര്യങ്ങള്‍ ഉള്ളത് രണ്ട് ശതമാനം പേര്‍ക്കു മാത്രമാണ്.
സര്‍വേയില്‍ പങ്കെടുത്ത 81 ശതമാനം പേര്‍ക്ക് മൊബൈല്‍ ഫോണുണ്ട്. 82 ശതമാനം പേര്‍ക്കും ഏതെങ്കിലും ബാങ്കില്‍ അക്കൗണ്ടുമുണ്ട്.

പണരഹിത സംവിധാനം ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിനാണ് ഉപയോഗിച്ചിരിക്കുന്നത്.