CSES in Media

പണമെടുത്തോ… കൊറോണ ‌ഫ്രീ ;

This report on CSES study was published in Deshabhimani on 29.07.2020

കേരളത്തിലെ എടിഎമ്മുകളിൽ 43 ശതമാനത്തിലും സാനിറ്റൈസർ ഇല്ലെന്ന്‌ സർവേ

ഴിഞ്ഞ്‌ മറിഞ്ഞുകിടക്കുന്ന സാനിറ്റൈസർ കുപ്പികൾ. കൈകൾ ശുചിയാക്കണമെന്ന നിർദേശം ഭിത്തിയിൽ കണ്ടാലായി. കോവിഡിന്റെ തുടക്കത്തിൽ കണ്ട ശുചിത്വസംവിധാനങ്ങൾ പരണത്തുവച്ച്‌ സംസ്ഥാനത്തെ എടിഎമ്മുകൾ മഹാമാരിയെ മാടിവിളിക്കുന്നു.

എടിഎം ഉപയോഗിക്കുന്നതിന്‌ മുമ്പുംപിൻപും കൈകൾ ശുചിയാക്കണമെന്നാണ്‌ മാർഗനിർദേശം. എന്നാൽ, കേരളത്തിലെ  എടിഎമ്മുകളിൽ 43 ശതമാനത്തിലും സാനിറ്റൈസർ ലഭ്യമല്ല. കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക് ആൻഡ്‌ എൻ‌വയോൺ‌മെന്റൽ സ്റ്റഡീസ് (സിഎസ്‌ഇഎസ്‌) സംസ്ഥാനത്തെ 276 എടിഎമ്മുകളിൽ നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തൽ. കാസർകോടുമുതൽ തിരുവനന്തപുരംവരെയുള്ള എടിഎമ്മുകൾ ജൂലൈ 24നും 27നും ഇടയ്‌ക്ക്‌ സർവേസംഘം പരിശോധിച്ചു.

റിസർവ് ബാങ്കിന്റെ 2020 മാർച്ചിലെ കണക്കനുസരിച്ച് സംസ്ഥാനത്ത്‌ 9931 എടിഎമ്മുകളുണ്ട്‌. അതിൽ പകുതിയിൽ താഴെയും സാനിറ്റൈസറില്ലാതെയാണ്‌ പ്രവർത്തിക്കുന്നതെന്ന്‌ ഈ സാമ്പിൾ സർവേ വിലയിരുത്തുന്നു.

വിവരം ശേഖരിച്ച എടിഎമ്മുകളിൽ പലയിടത്തും വളരെ ചെറിയ സാനിറ്റൈസർ കുപ്പിയാണ് വച്ചിരുന്നത്. അവയിൽ പലതിലും സാനിറ്റൈസർ ഇല്ല. ചിലയിടങ്ങളിൽ ബോട്ടിൽ അലക്ഷ്യമായി നിലത്തുകിടക്കുന്ന അവസ്ഥ.കൈകൾ സാനിറ്റൈസ് ചെയ്യേണ്ടതിന്റെ പ്രാധാന്യവും ചെയ്യേണ്ട രീതിയും 40 ശതമാനം എടിഎമ്മുകളിൽമാത്രമാണ് പ്രദർശിപ്പിച്ചിരുന്നത്. മൂന്നിലൊന്ന് എടിഎമ്മുകളിൽമാത്രമാണ് മലയാളത്തിൽ നിർദേശങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ളത്. മഞ്ചേശ്വരം ഭാഗത്തുള്ള പല എടിഎമ്മുകളിലും കന്നടയിലോ തമിഴ് അതിർത്തികളിൽ തമിഴിലോ നിർദേശങ്ങൾ ഇല്ല.

ബാങ്ക്‌ ശാഖകളോട് ചേർന്നുള്ള എടിഎമ്മുകളിൽ മൂന്നിൽ രണ്ടിലും സാനിറ്റൈസർ ലഭ്യമായിരുന്നപ്പോൾ, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇത് 38 ശതമാനംമാത്രമായിരുന്നു. കോർപറേഷനുകളിലെ എടിഎമ്മുകളിൽ 70 ശതമാനത്തിലും സാനിറ്റൈസർ ലഭ്യമായിരുന്നപ്പോൾ, പഞ്ചായത്ത്–- മുനിസിപ്പൽ പ്രദേശങ്ങളിലെ എടിഎമ്മുകളിൽ ഇത് യഥാക്രമം 55 ശതമാനവും 52 ശതമാനവുംമാത്രം.

കോവിഡ്‌ വ്യാപനത്തിന്‌ ഏറ്റവും സാധ്യതയുള്ള ഇടങ്ങളാണ് എടിഎമ്മുകൾ. വാതിലിലും കീബോഡിലും സ്‌ക്രീനിലും ഏറ്റവും കൂടുതൽ സ്പർശനം വേണ്ടിവരുന്ന സ്ഥലവുംകൂടിയാണിത്. കോവിഡ്‌ തടയാൻ വാണിജ്യ, -വാണിജ്യേതര സ്ഥാപനങ്ങൾക്ക്‌ കേന്ദ്ര-–-സംസ്ഥാന സർക്കാരുകൾ നൽകിയ മാർഗനിർദേശങ്ങളിൽ ഏറ്റവും പ്രധാനമാണ്‌  “സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്ന എല്ലാവരും പ്രവേശിക്കുന്നതിനുമുമ്പും പുറത്തുപോകുമ്പോഴും സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈ ശുചിയാക്കണം” എന്നത്. കോവിഡ്‌ വ്യാപിക്കുന്ന പശ്‌ചാത്തലത്തിൽ എടിഎമ്മുകളിലെ അവസ്ഥ പഠനവിധേയമാക്കുകയായിരുന്നെന്ന്‌ ‌ സിഎസ്‌ഇഎസ്‌ സീനിയർ ഫെലോ കെ കെ കൃഷ്‌ണകുമാർ പറഞ്ഞു.