CSES in MediaKKG in media

ധനകമീഷൻ കേരളത്തിനുള്ള വിഹിതം കൂട്ടണമെന്ന് നിർദേശം

This report on CSES study was published in Deshabhimani on 07.02.2009

വനസമ്പത്ത് സംരക്ഷിക്കാൻ ഫണ്ട് വേണം

സംസ്ഥാനത്തിന്റെ തനതായ വികസനപാത അംഗീകരിച്ചും അതിന്റെ സവിശേഷ നേട്ടങ്ങൾക്കൊപ്പം കോട്ടങ്ങളും തിരിച്ചറിഞ്ഞും ധനകമീഷൻ കേരളത്തിന് കൂടുതൽ സഹായം അനുവദിക്കണമെന്ന് നിർദേശം. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ കെടുതി കൂടുതൽ നേരിടുന്ന സംസ്ഥാനമെന്ന നിലയിലും വനസമ്പത്തും ജൈവവൈവിധ്യവും സംരക്ഷിച്ച്, ആഗോള താപനത്തിന്റെ ആഘാതം തടയുന്നതിൽ നൽകുന്ന സംഭാവന കണക്കിലെടുത്തും കേരളത്തിന് കൂടുതൽ വിഹിതം നൽകണമെന്ന് കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-എക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്.) നടത്തിയ പഠനമാണ് നിർദേശിക്കുന്നത്.

പതിമൂന്നാം ധനകമീഷൻ 9, 10 തീയതികളിൽ കേരളം സന്ദർശിക്കുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സി.എസ്.ഇ.എസ്. ചെയർമാൻ ഡോ. കെ കെ ജോർജ്, ഫെലോ കെ കെ കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് പഠനം നടത്തിയത്. മുൻകാല കമീഷനുകളുടെ സമീപനത്തിലെ തെറ്റായ രീതികൾ കേരളത്തിനുള്ള സഹായത്തിൽ വൻ കുറവിന് ഇടയാക്കി. അതിലൂടെ സംസ്ഥാനത്ത് ബജറ്റ് പ്രതിസന്ധി തന്നെ ഉണ്ടായി.

സാമ്പത്തികമാന്ദ്യം എല്ലാ സംസ്ഥാന ബജറ്റുകളെയും ബാധിച്ചിട്ടുണ്ടെങ്കിൽ കൂടുതൽ ബാധിക്കുക കേരളത്തെ  ആയിരിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 20 ശതമാനത്തിനു തുല്യമായ തുകയാണ് വിദേശമലയാളിയുടെ നിക്ഷേപത്തിലൂടെ എത്തുന്നത്. മാന്ദ്യം കാരണം വിദേശ മലയാളികൾ വൻതോതിൽ തിരിച്ചുവരും. തിരിച്ചുവരുന്നവരെ പുനരധിവസിപ്പിക്കാനും കൂടുതൽ പണം കണ്ടെത്തേണ്ടി വരും.

ധനകമീഷന്റെ പരിഗണനാവിഷയങ്ങളിൽ ‘സുസ്ഥിര വികസനത്തിന് അനുയോജ്യമായ വിധത്തിൽ ജൈവവ്യവസ്ഥയെയും പരിസ്ഥിതിയെയും കാലാവസ്ഥാ വ്യതിയാനത്തെയും കൈകാര്യം ചെയ്യേണ്ടതിന്റെ’ ആവശ്യകതയെപ്പറ്റി പറയുന്നുണ്ട്. ഇത് നവീന നിർദേശമാണ്. പ്രകൃതിവിഭവസമ്പത്ത് സംരക്ഷിക്കാൻ കൂടുതൽ ധനസഹായം ആവശ്യപ്പെടാനുള്ള നല്ല അവസരമാണ് കേരളത്തിന് തുറന്നുകിട്ടുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഈ രംഗത്ത് കേരളത്തിന്റെ നേട്ടം മികച്ചതാണ്. പുറത്തുവിടുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവിനേക്കാൾ വളരെ കൂടുതൽ കാർബൺ അംഗീകരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കേരളത്തിന്റെ വനസാന്നിധ്യവും ജൈവവൈവിധ്യവും ഒരു പൊതുസമ്പത്തായി ധനകമീഷൻ കണക്കിലെടുക്കണമെന്നും നിർദേശിക്കുന്നു. ഇതിന്റെ മെച്ചം രാജ്യത്തിനും ലോകത്തിനും ലഭിക്കുന്ന സാഹചര്യത്തിൽ ഇതിനുള്ള ചെലവ് കേന്ദ്രസർക്കാരും മറ്റു രാജ്യങ്ങളുംകൂടി വഹിക്കുക എന്നത് തികച്ചും ന്യായമാകും- പഠനം ചൂണ്ടിക്കാണിക്കുന്നു.