CSES in Media

ഗ്രാമങ്ങൾക്ക് വിശ്വാസം സഹകരണ സംഘങ്ങളെ: സി.എസ്.ഇ.എസ് പഠനം

This report on CSES study was published in Deshabhimani on 14.11.2019

മൂന്നിലൊന്ന് കുടുംബങ്ങളും പ്രതിമാസ വരുമാനത്തേക്കാൾ കൂടുതൽ തുക വായ്പ തിരിച്ചടവുള്ളവർ

പുരുഷന്മാർക്കുള്ളതിനേക്കാൾ രണ്ടിരട്ടി വായ്പകൾ സ്ത്രീകളുടെ പേരിൽ

സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ വായ്പാവശ്യങ്ങൾക്ക് സ്വകാര്യ പലിശക്കാർ ഉൾപ്പെടെ അനൌദ്യോഗിക വായ്പാസ്രോതസ്സുകളെ ആശ്രയിക്കുന്നവർ കുറവാണെന്ന് പഠനം. 88 ശതമാനം ഗ്രാമീണ കുടുംബങ്ങളും കടബാധ്യതയുള്ളവരാണെങ്കിലും കൂടുതൽപ്പേരും വായ്പാവശ്യങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളായ സഹകരണസംഘങ്ങളെയും വാണ്യജ്യബാങ്കുകളെയും കുടുംബശ്രീയെയും ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളെയുമാണ് ആശ്രയിക്കുന്നത്. കൊച്ചി ആസ്ഥാനമായ സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക് ആന്റ് എൻ‌വയോൺ‌മെന്റ് സ്റ്റഡീസ്(സി.എസ്.ഇ.എസ്) ആണ് പഠനം നടത്തിയത്. പഠനവിധേയമാക്കിയവരിൽ ഏഴു ശതമാനം മാത്രമാണ് അനൌദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വായ്പയെടുത്തിട്ടുള്ളത്. 44 ശതമാനം പേർ ഔദ്യോഗിക വായ്പാസംഘങ്ങളെയും 49 ശതമാനം പേർ രണ്ടുകൂട്ടരെയും വായ്പയ്ക്ക് ആശ്രയിച്ചിട്ടുള്ളതായും കണ്ടെത്തി.

ഗ്രാമീണമേഖലയിലെ മൂന്നിലൊന്ന് കുടുംബങ്ങളും കടബാധ്യത പേറുന്നവരാണെന്നതാണ് മറ്റൊരു കണ്ടെത്തൽ. ഇവർ പ്രതിമാസ വരുമാനത്തേക്കാൾ കൂടുതൽ പണം വായ്പ തിരിച്ചടവുള്ളവരാണ്. നാലിലൊന്ന് കുടുംബങ്ങൾ അവരുടെ പ്രതിമാസ വരുമാനത്തിന്റെ പകുതിയും വായ്പാ തിരിച്ചടവിന് വിനിയോഗിക്കുന്നു.ഗ്രാമീണ മേഖലയിലെ ദരിദ്രകുടുംബങ്ങളിൽ പകുതിയോളവും വായ്പാസഹകരണസംഘങ്ങളെയാണ് ആശ്രയിച്ചിട്ടുള്ളത്. അത്രതന്നെ കുടുംബങ്ങൾ കുടുംബശ്രീ വായ്പയുമെടുത്തിട്ടുണ്ട്. അഞ്ചിലൊന്ന് പേർ ഉയർന്ന പലിശനിരക്കിൽ സ്വകാര്യ പലിശക്കാരിൽ നിന്നും 29 ശതമാനം പേർ ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ കടം വാങ്ങിയിട്ടുള്ളവരുമാണ്. ചിട്ടികൾ, കെ‌എസ്‌എഫ്‌ഇ, ഗ്രാമീണബാങ്കുകൾ എന്നിവയെ ഈ വിഭാഗം വായ്പയ്ക്കായി ആശ്രയിക്കുന്നു. പഠനവിധേയമാക്കിയ പത്തിൽ ആറ് കുടുംബങ്ങളും ഒരു സ്വർണവായ്പയെങ്കിലുമുള്ളവരാണ്.

വായ്പയെടുക്കുന്നവരിലെ നാലിലൊന്ന് കുടുംബങ്ങൾ ആ പണം മറ്റു കടബാധ്യതകൾ വീട്ടാൻ ഉപയോഗിക്കുന്ന ആശങ്കാകരമായ സ്ഥിതിവിശേഷമുണ്ട്. കുടുംബശ്രീയെ വായ്പാവശ്യത്തിനുമാത്രം ആശ്രയിക്കാനുള്ളതാണെന്ന കാഴ്ചപ്പാട് തിരുത്താനും സ്ത്രീസംരംഭകത്വത്തിന് മുന്തിയ പ്രാധാന്യം നൽ‌കി വായ്പകളെ വിനിയോഗിക്കാനുമുള്ള ബോധപൂർവമായ ഇടപെടൽ വേണമെന്നും പഠനം നിർദേശിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ പുരുഷന്മാർക്കുള്ളതിനേക്കാൾ രണ്ടര ഇരട്ടി വായ്പകൾ സ്ത്രീകളുടെ പേരിലാണ്. ഗ്രാമീണമേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ജീവിതത്തിൽ സഹകരണസ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് കണക്കിലെടുത്ത് പ്രാദേശിക സമ്പദ്‌ഘടന വികസിപ്പിക്കാനുള്ള ഇടപെടൽ വേണം.

പഞ്ചായത്തുകളിലെ ദരിദ്രകുടുംബങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 540 കുടുംബങ്ങളിലാണ് സർവേ നടത്തിയത്. ഡോ.രാഖി തിമോത്തി, അശ്വതി റിബേക്ക അശോക്, സ്വാതി മോഹനൻ,ബിബിൻ തമ്പി, എം. റംഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേ.