CSES in Media

കൊച്ചി കാല്‍നടയ്ക്കും കൊള്ളില്ലെന്ന്

This report on CSES study was published in Deshabhimani on 28.03.2015

കൊച്ചിനഗരം കാല്‍നടയാത്രാ സൗഹൃദമല്ലാതായി മാറുന്നുവെന്ന് പഠനം. നടപ്പാതകളിലെ അസൗകര്യങ്ങളും കൈയേറ്റങ്ങളും തുറന്ന കാനകളും വഴിയരികിലെ മാലിന്യങ്ങളുമെല്ലാം അനുദിനം വര്‍ധിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിലെ പ്രാദേശിക ഭരണഗവേഷണ യൂണിറ്റിനുവേണ്ടി കൊച്ചി സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് കൊച്ചി കാല്‍നടയാത്രാ സൗഹൃദമല്ലാതായി മാറുന്നതിനെക്കുറിച്ച് പറയുന്നത്.നടക്കാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തത കണക്കിലെടുക്കുമ്പോള്‍ കൊച്ചി, രാജ്യത്തെ 30 പ്രമുഖ നഗരങ്ങളുടെ പട്ടികയില്‍ 15-ാം സ്ഥാനത്താണെന്ന് നേരത്തെ കേന്ദ്ര നഗരവികസന മന്ത്രാലയത്തിനുവേണ്ടി 2008ല്‍ “വില്‍ബര്‍സ്മിത്ത് അസോസിയേറ്റ്സ്’ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആറുവര്‍ഷം കഴിയുമ്പോള്‍ കൊച്ചിയിലെ കാല്‍നടയാത്ര കൂടുതല്‍ ദുഷ്കരമായിരിക്കുകയാണ്. നടപ്പാതകള്‍ പലതും പാതകള്‍ക്കരികിലെ കച്ചവടസ്ഥാപനങ്ങളും വഴിയോരക്കച്ചവടക്കാരും കൈയേറിക്കഴിഞ്ഞു. ഉള്ള നടപ്പാതകള്‍ പലതും സ്ലാബുകളിളകിയും പൊട്ടിപ്പൊളിഞ്ഞും കുണ്ടും കുഴികളുമാണ്. ഗതാഗതക്കുരുക്കില്‍ വലിയ വാഹനങ്ങള്‍ കാത്തുകിടക്കുമ്പോള്‍ ഇരുചക്രവാഹനക്കാര്‍ കുരുക്കില്‍പ്പെടാതെ പോകാനുള്ള എളുപ്പമാര്‍ഗമായി ആശ്രയിക്കുന്നത് നടപ്പാതകളെയാണ്. നഗരത്തിലെ പ്രധാനറോഡുകള്‍ക്കൊന്നും വൃത്തിയും സുരക്ഷിതവുമായ നടപ്പാതകളില്ല. നഗരമധ്യത്തിലെ ചില പ്രധാനകേന്ദ്രങ്ങളിലാകട്ടെ നടപ്പാതകള്‍ വാഹനപാര്‍ക്കിങ്ങിനാണ് ഉപയോഗിക്കുന്നത്. ഇതിനുപുറമേ രാത്രിയിലെ കാല്‍നടയാത്ര ഏറെ ദുഷ്കരവും. തെരുവുവിളക്കുകളുടെ അഭാവവും തടസ്സമുണ്ടാക്കുന്നു. വാഹനമോടിക്കുന്നവരെയും നഗര ഭരണാധികാരികളെയും കാല്‍നടയാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരിക്കുകയും അവബോധം പകരുകയും ചെയ്താലേ നിലവിലുള്ള സ്ഥിതി മാറൂവെന്നാണ് പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ജോലിക്കായി നഗരത്തിലെത്തുന്ന തൊഴിലാളികളില്‍ ഭൂരിപക്ഷവും രാത്രിയിലെ യാത്രാ അസൗകര്യങ്ങള്‍ നേരിട്ടനുഭവിക്കേണ്ടിവരുന്നവരാണെന്നും പഠനം പറയുന്നു. അതിരാവിലെ യാത്ര തുടങ്ങുന്നവരാണ് ഇതിലധികംപേരും. നഗരത്തിലെ കച്ചവടസ്ഥാപനങ്ങളിലുംമറ്റും കൂടുതല്‍ സമയം പണിയെടുക്കേണ്ടിവരുന്നവര്‍ക്ക് തിരിച്ച് വീട്ടിലെത്താന്‍ പലപ്പോഴും പൊതുവാഹന സേവനം ലഭ്യമാകാറില്ല. രാത്രി ഏഴിനുശേഷം നഗരത്തില്‍നിന്നുള്ള ബസുകളുടെ കുറവ് ഇവരെ ബുദ്ധിമുട്ടിലാക്കുന്നു.