CSES in Media

എറണാകുളത്തെ ഗ്രാമങ്ങളും ‘ഡിജിറ്റൽ ഇന്ത്യ’യിൽ അല്ല

This report on CSES study was published in Malayala Manorama on 19.11.2017

നോട്ട് നിരോധിച്ചിട്ട് വർഷമൊന്ന് കഴിഞ്ഞിട്ടും, സാക്ഷരതയിലും സാമ്പത്തിക സാക്ഷരതിയിലും രാജ്യത്തുതന്നെ ഏറെ മുന്നിൽനിൽക്കുന്ന എറണാകുളം ജില്ലയിലെ ഗ്രാമങ്ങളിൽ ഡിജിറ്റൽ പണമിടപാടുകൾ വളരെക്കുറവെന്നു പഠനം

14.6% ആളുകൾ മാത്രമാണ് ഡിജിറ്റൽ കൈമാറ്റ രീതി ഉപയോഗിക്കുന്നത്. മാത്രവുമല്ല, നോട്ട് നിരോധനത്തിന്റെ ആശങ്കകൾ വിട്ടൊഴിയുകയും എടി‌എം വഴി നോട്ടുകൾ വീണ്ടും സുലഭമാകുകയും ചെയ്തതോടെ ഗ്രാമത്തിലെ ആളുകൾ ഡിജിറ്റൽ പണമിടപാടുകളിൽനിന്നും പിന്നോട്ടു പോകുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്. വീണ്ടും ഡിജിറ്റൽ രീതിയിലേക്കു പോകാനുള്ള താൽ‌പര്യം ഗ്രാമങ്ങളിലെ ആളുകൾക്കിടയിൽ കുറയുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ഡിജിറ്റൽ ഇടപാടു നടത്തിയവർ 9.6% മാത്രം. ഇതു നോട്ട് നിരോധനത്തിനു മുമ്പ് ഡിജിറ്റൽ പണമിടപാടു നടത്തിയവരുടെ എണ്ണത്തിനു തുല്യം.

നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികത്തിൽ (നവംബർ ആദ്യവാരം) എറണാകുളം ജില്ലയിലെ വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളുള്ള അശമന്നൂർ, പള്ളിപ്പുറം, മണീട് എന്നീ മൂന്നു പഞ്ചായത്തുകളിൽ നിന്ന് 500 പേരെ സാമ്പിളായി സ്വീകരിച്ച് സെന്റർ ഫോർ സോഷ്യോ‌‌‌‌-ഇക്കണോമിക് ആൻഡ് എൻ‌വയോൺ‌മെന്റൽ സ്റ്റഡീസ് നടത്തിയ സർവ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പണരഹിതരാകാൻ, പഠിച്ചവർ മാത്രം

നോട്ട് നിരോധനത്തിനു ശേഷമുള്ള മാസങ്ങളിൽ ഗ്രാമപ്രദേശങ്ങൾ തോറും ഡിജിറ്റൽ ഇന്ത്യ സെമിനാറുകൾ നടന്നിരുന്നു. മൊബൈൽ ഫോണിലൂടെയുള്ള പണക്കൈമാറ്റവും മൊബൈൽ ബാങ്കിങ് ആപ്പുകളും ഇതിനായുള്ള സർക്കാർ പദ്ധതികളും ഗ്രാമത്തിലെ ആളുകളെ പരിചയപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ഇവ കൊണ്ടൊന്നും കാര്യമായ ഫലം ഉണ്ടായില്ലെന്നാണ് ഒരു വർഷത്തിനു ശേഷമുള്ള പഠനങ്ങൾ തെളിയിക്കുന്നത്. മാത്രമല്ല, ഡിജിറ്റൽ ഇടപാട് ഇപ്പോഴും നടത്തുന്നത് ഉന്നത വിദ്യാഭ്യാസമുള്ളവർ മാത്രവും.

ഉയർന്ന വരുമാനക്കാർ, മുന്നാക്ക് വിഭാഗക്കാർ, ചെറുപ്പക്കാർ എന്നീ വിഭാഗത്തിലേക്ക് ഒതുങ്ങിപ്പോകുകയാണ് ഗ്രാമങ്ങളിലെ ഡിജിറ്റൽ ഇന്ത്യ. പട്ടികവിഭാഗത്തിൽ 3.8% പേർ മാത്രമാണ് ഡിജിറ്റൽ പണമിടപാടുകൾ നടത്തിയിട്ടുള്ളത്. നോട്ട് നിരോധനത്തിനു മുമ്പത്തേക്കാൾ നോട്ട് നിരോധിച്ചതിനു ശേഷമുള്ള മാസങ്ങളിൽ ഇവരുടെ ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം കുറഞ്ഞു. എപി‌എൽ വിഭാഗത്തിൽ 20% ഗ്രാമീണർ പണരഹിത വിനിമയം നടത്തുമ്പോൾ ബിപി‌എൽ വിഭാഗത്തിൽ ഇത് 4.6% മാത്രമാണ്. ഗ്രാമീണ മേഖലകളിലെ സ്ത്രീകൾ സാങ്കേതികകാര്യങ്ങളിൽ പുരുഷൻ‌മാരെക്കാൾ വളരെ പിന്നിലാണെന്നും സർവ്വേ പറയുന്നു. 19% പുരുഷൻ‌മാർ ഡിജിറ്റലായി പണിമിടപാ‍ട് നടത്തുമ്പോൾ സ്ത്രീകൾ പത്തു ശതമാനമേയുള്ളു.

ഡിജിറ്റലാകുന്നത് അണ്ടർ-30

ഡിജിറ്റൽ ഇടപാടുകൾ ലളിതാമാണെന്ന് പറയുമ്പോഴും പ്രായമായവർക്ക് ഇതൊരു ബാലികേറാമല തന്നെ. 60നു മുകളിലുള്ള മൂന്ന് ശതമാനം ആളുകൾ മാത്രമാണ് ഗ്രാമങ്ങളിൽ ഇ‌-പണമിടപാട് നടത്തുന്നത്. അതേസമയം 30നു താഴെ പ്രായമുള്ളവരിൽ 40% പേർ ഈ സൌകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്.

ചെറുപ്പക്കാരുടെ ഇടയിൽ 2016മായി താരതമ്യം ചെയ്യുമ്പോൾ ഡിജിറ്റലായവരുടെ എണ്ണത്തിൽ 16 ശതമാനം വർധനയുണ്ട്. എന്നാൽ നോട്ട് നിരോധനത്തെത്തുടർന്ന് മുതിർന്നവർ പലരും ഇ-പണമിടപാടിനെയും പേടിക്കുന്നതായാണു സർവ്വേ ഫലം. 1.5 ശതമാനം കുറവാണ് 2017ൽ ഉണ്ടായിരുന്നത്.

വിദ്യാഭ്യാസം മാനദണ്ഡം

പ്രഫഷണൽ വിദ്യാഭ്യാസം നേടിയവരാണ് ഡിജിറ്റൽ ഇടപാടിൽ മുൻപന്തിയിലുള്ളത്. പ്രഫഷനൽ വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ 54% പേരും ഡിജിറ്റൽ രീതിയിലൂടെയാണു പണക്കൈമാറ്റം നടത്തുൻന്നത്. ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള 46% പേരും പണക്കൈമാറ്റത്തിനു ബാങ്കുകളിൽ പോകാറില്ല. പ്ലസ് ടുവിന് താഴെ വിദ്യാഭ്യാസമുള്ളവരിൽ 3 ശതമാനം പേർക്കേ ഇ-ഇടപാടുകളുമായി പരിചയമുള്ളൂ.

തൊഴിൽ പ്രസക്തം

വിദ്യാർഥികൾ 53 ശതമാനം പേരും പണരഹിത വിനിമയം ഉപയോഗപ്പെടുത്തുവരാണ്. സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാരുടെ ഇടയിൽ ഇത് 43 ശതമാനമാണ്. എന്നാൽ സർക്കാർ ജോലിക്കാരും കർഷകരും തൊഴിലില്ലാത്തവരുമൊക്കെ ഇപ്പോഴും പണരഹിത ബാങ്കിങ് ഇടപാടുകളോട് മുഖം തിരിക്കുന്നവരാണ്. നാലിലൊന്ന് സർക്കാർ ഉദ്യോഗസ്ഥർ മാത്രമേ ഇപ്പോഴും ഗ്രാമപ്രദേശങ്ങളിൽ ഡിജിറ്റൽ രീതിയിൽ പണക്കൈമാറ്റം നടത്തുന്നുള്ളു.  എന്നാൽ ഡിജിറ്റൽ പണമിടപാടിനോട് കർഷകർക്ക് വല്ലാത്ത  ആഭിമുഖ്യം തന്നെയുണ്ടായിരുന്നു. നോട്ട് നിരോധനത്തോടെ അതും പോയി. പണമിടപാടിന് ബാങ്കിൽ പോകാത്ത വീട്ടമ്മമാരുടെ എണ്ണവും കൂടി.

എടി‌എം കാർഡ് യെസ്, ക്രെഡിറ്റ് കാർഡ് നോ

എടി‌എം കാർഡ് ഉപയോഗിച്ചുള്ള പണരഹിത ഇടപാടുകളാണ് ഗ്രാമങ്ങളിലെ ആളുകൾ കൂടുതലും നടത്തുന്നത്. എന്നാൽ ക്രെഡിറ്റ് കാർഡിന് ഇനിയും ഗ്രാമങ്ങളിൽ പ്രചാരമില്ല. ഇന്റർനെറ്റ് ബാങ്കിങ്ങിലും മൊബൈൽ ബാങ്കിങ്ങിലും ഇനിയും വിശ്വാസം വന്നിട്ടുമില്ല. ഇ-വോലറ്റുകൾ ഉപയോഗിക്കുന്നവരുടെ എണ്ണവും വളരെ കുറവാണ്.

2017ൽ 7.7 ശതമാനം പേർ പുതിയതായി പണരഹിത വിനിമയ രംഗത്തേക്കു വന്നപ്പോൾ കഴിഞ്ഞ വർഷം ഇ-ഇടപാട് നടത്തിയവരിൽ 2.6 പേർ ഈ രീതി തന്നെ ഉപോക്ഷിച്ചു. ഗ്രാമങ്ങളിൽ പണരഹിത ഇടപാടുകൾ നടത്താനുള്ള സൌകര്യം വേണ്ടപോലെ വികസിച്ചിട്ടില്ലാത്താതാണ് ഈ അകൽ‌ച്ചയുടെ ഒരു കാരണം. എന്നാൽ കാശു പോകുമെന്ന പേടിയാണ് ഭൂരിഭാഗം ആളുകളെയും ഡിജിറ്റൽ പണമിടപാടുകളിൽ നിന്ന് അകറ്റുന്നത്. ഇന്റർനെറ്റ് വേഗവും ഒരു ഘടകമാണെന്ന് ആളുകൾ പറയുന്നു. അറിയില്ലായ്മയും വലിയ പ്രശ്നം തന്നെയാണ്.